തിരുവനന്തപുരം: മേയ് 18നു സംസ്ഥാനത്ത് അധികാരത്തിലേറിയ വി.ഡി. സതീശൻ സർക്കാർ നാളെ 100 ദിവസത്തിലേക്കു കടക്കുകയാണ്. 100 ദിനങ്ങളിൽ വിവിധ വകുപ്പുകളിലായി ഒട്ടേറെ കർമപദ്ധതികൾ പൂർത്തിയാക്കാൻ യുഡിഎഫ് സർക്കാരിനായി. ഒപ്പം നിരവധി രാഷ്ട്രീയവിവാദങ്ങളും.
ഇതിനിടയിലെത്തിയ ഓണത്തിനുള്ള മുന്നൊരുക്കങ്ങളും വലിയ വിവാദങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാനായെന്നാണ് സർക്കാർ വിലയിരുത്തൽ. കടമെടുത്തായാലും മിക്കവാറും എല്ലാ മേഖലയിലേയും ബോണസ്, ഉത്സവ ബത്ത വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനായതും സർക്കാരിനു മുന്നിലെ പ്രതിസന്ധിയെ അതിജീവിക്കാനായി.
സർക്കാരിന്റെ 100 ദിനകർമ പദ്ധതികൾ ജൂലൈ ഒന്നിന് നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതും 55 ദിവസം പിന്നിട്ടു. 100 ദിന കർമ പദ്ധതിയിൽ പ്രഖ്യാപിച്ച 541 പദ്ധതികളിൽ 80 എണ്ണത്തോളമാണ് ഇതുവരെ പൂർത്തിയാക്കാനായത്. പലതും പുരോഗതിയിലാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി 99 ദിവസം പിന്നിടുന്പോൾ നടപ്പാക്കാനായ പ്രധാന പദ്ധതികളിലൂടെ കണ്ണോടിക്കാം.
• പ്രിയദർശിനി സൗജന്യ ബസ് യാത്ര
പ്രകടന പത്രികയിലെ സുപ്രധാന പ്രഖ്യാപനം തന്നെ ആദ്യം നടപ്പാക്കി മാതൃക കാട്ടാനായത് നേട്ടമായി. പ്രിയദർശിനി എന്ന പേരിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കാണ് സൗജന്യ യാത്ര. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കാൻ ഇവർക്കു മാത്രമായുള്ള പിങ്ക് ബസ് സർവീസും തുടങ്ങി.
• ഓപ്പറേഷൻ തൂഫാൻ
സാമൂഹിക രംഗത്ത് ഏറെ ചലനം സൃഷ്ടിച്ച പദ്ധതി. ലഹരിമാഫിയകൾക്കെതിരേ പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കുക എന്ന കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി വഴി ഇതുവരെ 10,000ത്തിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിച്ചു.
• റബർ താങ്ങുവില 250 രൂപ
റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തി ഉത്തരവിറക്കാൻ കഴിഞ്ഞത് റബർ കർഷകർക്ക് ഏറെ ആശ്വാസകരമായ തീരുമാനമായി.
• പുതിയ ജില്ലയും താലൂക്കുകളും രൂപവത്കരിക്കാൻ കമ്മീഷൻ
ഭരണസൗകര്യാർഥം പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെ കുറിച്ചു പഠിക്കാൻ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചതും നേട്ടമാണ്. ഏറെനാളായി പുതിയ ജില്ലകൾക്കും താലൂക്കുകൾക്കുമായുള്ള മുറവിളി ശക്തമാണ്. എന്നാൽ, കമ്മീഷനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
• 73,024 മുൻഗണന റേഷൻ കാർഡ്
മുൻഗണനാവിഭാഗത്തിന് 73,024 റേഷൻകാർഡുകൾ വിതരണം ചെയ്യാനായി. 50,000 റേഷൻ കാർഡ് അനുവദിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
• മൈ പോലീസ് സ്റ്റേഷൻ
പോലീസ് സ്റ്റേഷനുകളെ കൂടുതൽ ജനകീയമാക്കാൻ സ്വീകരിച്ച നടപടി. എസ്എച്ച്ഒ തസ്തിക എസ്ഐയുടേതാക്കി. രണ്ടു പോലീസ് സ്റ്റേഷനുകളുടെ വീതം മേൽനോട്ട ചുമതല ഇൻസ്പെക്ടർമാർക്ക് നൽകി. എന്നാലും, പോലീസിന്റെ ക്രൂര മുഖഭാവത്തിന് ഇനിയും അറുതിയായിട്ടില്ലെന്നാണ് ഇതിനു ശേഷം പുറത്തു വരുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
•സ്പേസ്
സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പുകളിലും പരിസരങ്ങളിലും വർഷങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പദ്ധതി.
• എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ നടപടി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്യു, യുത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ച കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാനായതും രാഷ്ട്രീയ നേട്ടമായി വിലയിരുത്തുന്നു.
•ബാലാവകാശ കമ്മീഷൻ ഡിജിറ്റൽ ഡാഷ്ബോർഡ്
ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് സംവിധാനം തുടങ്ങി.
• ആശ്വാസം
വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകി മൂന്നു മാസത്തെ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസം നടപ്പാക്കി. പിഴപ്പലിശ പൂർണമായി ഒഴിവാക്കുകയും പലിശയിൽ വിവിധ സ്ലാബുകളിലായി 50 ശതമാനം വരെ ഇളവു നൽകുകയും ചെയ്യും.
•മുകുളം
മത്സര പരീക്ഷാ പരിശീലനത്തിന് അവസര സമത്വമൊരുക്കാൻ പൊതുവിദ്യാലയങ്ങളിലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ എല്ലാ കുട്ടികളെയും സ്കൂൾ പഠനത്തിനൊപ്പം നീറ്റ്, കീം തുടങ്ങിയ മത്സര പരീക്ഷകൾക്ക് സജ്ജരാക്കാനുള്ള ഫൗണ്ടേഷൻ കോഴ്സുകൾ ഒപ്പം നൽകും.
•പ്രതിഭാശ്രീ
പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂൾ ഓഫ് എക്സലൻസ് അവാർഡ് നൽകുന്ന പദ്ധതി. ഉപജില്ലാ, ജില്ലാ, സംസ്ഥാനതലത്തിൽ മികച്ച എൽപി, യുപി. എച്ച്എസ്. എച്ച്എസ്എസ് സ്കൂളുകൾക്ക് പുരസ്കാരം നൽകും.
•താരാപഥം
പൊതുവിദ്യാഭ്യാസ മേഖലയിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായുള്ള സമഗ്ര ഡിജിറ്റൽ അക്കാദമിക മോണിറ്ററിംഗ് സംവിധാനം.
• മധുരിതം
ആദിവാസി ഗോത്രവിഭാഗങ്ങൾ, തീരദേശമേഖല എന്നിവിടങ്ങളിലെ സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഒറ്റപ്പെട്ട വിദ്യാർഥികൾക്ക് പഠനം ഉറപ്പുവരുത്താനായുള്ള എകാധ്യാപക വിദ്യാലയങ്ങളുടെ നവീകരണ പദ്ധതി. ഏകാധ്യാപക വിദ്യാലയങ്ങൾക്ക് എൽപി സ്കൂൾ പദവി നൽകുന്നതും പരിഗണനയിൽ.
• എറൈസ്
ഹൈസ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ അത്യാധുനിക പരീക്ഷണശാഖകൾ സ്ഥാപിക്കാനും മേഖലകളുമായി ബന്ധപ്പെട്ട അടിസ്ഥാന അവബോധം കുട്ടികളിൽ ഉണ്ടാ ക്കുന്നതിനുമായുള്ള വിദ്യാഭ്യാസ പദ്ധതി.
• ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാന്പ്
ഓട്ടോറിക്ഷകളിൽ അമിത നിരക്ക് ഈടാക്കുന്നതു തടയാൻ 100 തദ്ദേശ സ്ഥാപനങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ പുനഃപരിശോധനാ ക്യാന്പ് നടത്തി. ഫെയർമീറ്ററുകളുടെ പുനഃപരിശോധന, മുദ്രവയ്പ് എന്നിവ നടത്തും.
• മാവേലി സൂപ്പർ സ്റ്റോറുകൾ,സൂപ്പർ മാർക്കറ്റുകൾ
നിലവിലെ ആറ് മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി. രണ്ട് മാവേലി സ്റ്റോറുകളെ സൂപ്പർ മാർക്കറ്റുകളായും അപ്ഗ്രേഡ് ചെയ്തു. കണ്‍വീനിയൻസ് ഷോപ്പിംഗ് വിപുലമാക്കുന്നതിനായി സപ്ളൈകോ കൊച്ചി വൈറ്റിലയിൽ കണ്‍വീനിയന്റ് സ്റ്റോർ പൈലറ്റ് പ്രൊജക്ടായി തുടങ്ങും.
• ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻ കട
ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങി. കാസർഗോഡ്, കോഴിക്കോട്, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ആദിവാസി ഉന്നതികളിലാണ് പദ്ധതി.
• ഓപ്പറേഷൻ ഔറം
സംസ്ഥാന ജിഎസ്ടി വകുപ്പു നടത്തിയ ഓപറേഷൻ ഔറം വഴി 70 കോടിയുടെ വിറ്റുവരവ് നികുതി വെട്ടിപ്പു കണ്ടെ ത്തി. 2.87 കോടി പിരിച്ചെടുത്തു.
• എഐ അധിഷ്ഠിത ഭരണ നിർവഹണം
ഫയൽ നീക്കം വേഗത്തിലാക്കാൻ എല്ലാ വകുപ്പുകളിലും എഐ അധിഷ്ഠിത ഭരണ നിർവഹണം നടപ്പാക്കും. കെഎസ്ആർടിസിയിൽ ടിക്കറ്റ് വെട്ടിപ്പു തടയാൻ എഐ അധിഷ്ഠിത സംവിധാനം നടപ്പാക്കി.
• മിഷൻ സമുദ്ര
തുറമുഖ അധിഷ്ഠിത സന്പദ് വ്യവസ്ഥ വികസിപ്പിക്കാനായി 400 കോടിയുടെ ബൃഹദ് പദ്ധതി.
• വാഹന നികുതി ഇളവ്
20 ലക്ഷം രൂപ വരെ വിലവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചു. സ്റ്റേജ് കാരിയേജുകളുടെയും ടൂറിസ്റ്റ് ബസുകളുടെയും നികുതി കുറച്ചു.
• ഇ സ്കൂട്ടർ
മത്സ്യം വിൽക്കുന്ന സ്ത്രീകൾക്ക് ഇ സ്കൂട്ടർ.
• വേതന വർധന
ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ വേതനം വർധിപ്പിച്ചു.
•ഓണ്‍ലൈൻ ഗ്രാമസഭ
തദ്ദേശ സ്ഥാപനങ്ങളിൽ ഓണ്‍ലൈൻ ഗ്രാമസഭ നടപ്പാക്കും. വയോജനങ്ങൾ, പ്രവാസികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ഓണ്‍ലൈനായി ഗ്രാമസഭയിൽ പങ്കെടുക്കാം.